
കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ നേരത്തേക്ക് എക്സൈസ് കസ്റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് കസ്റ്റഡി കാലാവധി. കസ്റ്റഡിയിൽ ലഭിച്ചതോടെ ആന്റോയെ എക്സൈസ് സംഘം വിശദമായി ചോദ്യം ചെയ്യും.അതേസമയം, കേസിലെ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും നേരത്തെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. ഹൈക്കോടതി ഹർജി വരും ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി വെച്ചിരിക്കുകയാണ്.
ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യശേഖരമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. എന്നാൽ ഈ വീട് ആന്റോയുടേതല്ലെന്നും കേസിന്റെ ഭാഗമായി നേരത്തെ മറ്റൊരാൾക്ക് അറ്റാച്ച് ചെയ്തു നൽകിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ, 2025-ൽ വീടിന് ആന്റോ അഗസ്റ്റിന്റെ പേരിൽ നികുതി അടച്ച രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയതോടെ പ്രതിഭാഗത്തിന്റെ വാദം തള്ളി.
പിടിച്ചെടുത്തതിൽ 43 ലിറ്ററിലധികം വിദേശനിർമ്മിത മദ്യമാണ്. ഇത്രയധികം മദ്യം എന്തിനായി സൂക്ഷിച്ചു, ആർക്ക് വേണ്ടി എത്തിച്ചു, ഇതിന്റെ സ്രോതസ്സ് എന്താണ്, നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. സ്വാധീനമുള്ള വ്യക്തിയായതിനാൽ പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.