
മലപ്പുറം: പൊതുറോഡിൽ മറ്റ് യാത്രക്കാർക്ക് വലിയ രീതിയിൽ ഭീഷണിയുയർത്തി, നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുമായി പാഞ്ഞ കോളേജ് വിദ്യാർത്ഥികൾ മോട്ടോർ വാഹന വകുപ്പിന്റെ (MVD) പിടിയിലായി. സൈലൻസറിലൂടെ വലിയ ശബ്ദത്തോടെ തീ തുപ്പുന്ന രീതിയിലായിരുന്നു ഈ കാർ റീ-ഡിസൈൻ ചെയ്തിരുന്നത്. നിലമ്പൂർ കനോലി പ്ലോട്ട് പരിസരത്ത് വെച്ചാണ് അപകടകരമായ രീതിയിൽ വന്ന വാഹനം എൻഫോഴ്സ്മെന്റ് വിഭാഗം തടഞ്ഞുനിർത്തിയത്.
കോഴിക്കോട് രജിസ്ട്രേഷനിലുള്ള പഴയ മോഡൽ കാറിലാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി വൻ മാറ്റങ്ങൾ വരുത്തിയത്.കാറിന്റെ യഥാർത്ഥ സൈലൻസർ പൂർണ്ണമായും അഴിച്ചുമാറ്റി, പ്രത്യേക സംവിധാനത്തിലൂടെ വലിയ ശബ്ദത്തോടൊപ്പം പുറത്തേക്ക് തീജ്വാലകൾ തുപ്പുന്ന രീതിയിലാണ് ഇത് മാറ്റിസ്ഥാപിച്ചത്.കഴിഞ്ഞ ദിവസം നിലമ്പൂർ മേഖലയിൽ നടത്തിയ പ്രത്യേക നൈറ്റ് പെട്രോളിംഗിനിടയിലാണ് വാഹനം വലയിലായത്. പിടികൂടുമ്പോൾ സമീപത്തെ കോളേജിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. ഈ കാർ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണ്.
നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ ഈ കാറിന്റെ രജിസ്ട്രേഷൻ ഉടൻ തന്നെ റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.പ്രതികൾ വിദ്യാർത്ഥികളായതിനാലാണ് നിലവിൽ പോലീസ് കേസ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാതെ താൽക്കാലികമായി ഒഴിവാക്കിയത്. എന്നാൽ വരും ദിവസങ്ങളിലും മലയോര മേഖലകളിൽ പരിശോധന കർശനമാക്കുമെന്നും, നിയമവിരുദ്ധമായി സൈലൻസറുകളും എൽ.ഇ.ഡി ലൈറ്റുകളും മാറ്റിസ്ഥാപിച്ച് രൂപമാറ്റം വരുത്തുന്ന വാഹനങ്ങളുടെ ആർ.സി റദ്ദാക്കുമെന്നും എം.വി.ഡി അധികൃതർ മുന്നറിയിപ്പ് നൽകി.