Banner Ads

ചികിത്സ തേടിയെത്തുന്നവർക്കിടയിൽ കഞ്ചാവും: പുനലൂർ താലൂക്ക് ആശുപത്രി പരിസരത്ത് കഞ്ചാവ് ചെടി വളരുന്ന നിലയിൽ.

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രി പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ആശുപത്രിയിലെ ഫാർമസിക്ക് സമീപം വളർന്നുനിന്ന, ഏകദേശം ഒന്നര മാസം പ്രായമുള്ള ചെടിയാണ് എക്സൈസ് പിടിച്ചെടുത്തത്.പുനലൂർ എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ആശുപത്രി വളപ്പിൽ മറ്റെവിടെയെങ്കിലും സമാനമായ രീതിയിൽ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പരിസരമാകെ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി.

ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി എത്തിയതിനെക്കുറിച്ച് ഗൗരവകരമായ അന്വേഷണമാണ് നടക്കുന്നത്.ചെടി ആരെങ്കിലും മനഃപൂർവ്വം നട്ടുപിടിപ്പിച്ചതാണോ? ലഹരിസംഘങ്ങൾക്ക് ഇതുമായി ബന്ധമുണ്ടോ? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്ന് സി.ഐ ശ്രീരാജ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടന്നേക്കും.