കൊച്ചി : ലോക ഫുട്‌ബോളിലെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ആധുനിക ഫുട്‌ബോളിലെ ഇതിഹാസമായി ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരെയാണ് പൊതുവേ കൂടുതല്‍ ആരാധകരും വിലയിരുത്തുന്നത്. കോപ്പാ അമേരിക്ക ഉൾപ്പെടെ നേടാന്‍ മെസിക്കായി. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി റൊണാള്‍ഡോയുടെ ഗ്രാഫ് താഴോട്ടാണ് പോകുന്നത്.
മെസി ഇന്റര്‍ മയാമിക്കായി കളിക്കുമ്പോൾ റൊണാള്‍ഡോ കളിക്കുന്നത് സൗദി ക്ലബ്ബായ അല്‍ നസറിനായാണ്. കഴിഞ്ഞ ദിവസം റൊണാള്‍ഡോ പെനല്‍റ്റി പാഴാക്കിയതും അല്‍ നാസര്‍ ടീം കിങ്‌സ് കപ്പില്‍ നിന്ന് പുറത്തായിരുന്നു. ഏതായാലും മെസിയും റൊണാള്‍ഡോയും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്.
ഇരുവരും അടുത്ത ലോകകപ്പിന് മുമ്പായി തന്നെ വിരമിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴിതാ വിരമിച്ച ശേഷം പരിശീലക റോളിലേക്കെത്തുമോയെന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ലയണല്‍ മെസി. വിരമിച്ച ശേഷം തന്നെ പരിശീലക റോളില്‍ കാണില്ലെന്നാണ് മെസി വ്യക്തമാക്കിയിരിക്കുന്നത്.
പരിശീലകന്‍ ആകുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. തന്റെ പരിഗണനയിലുള്ള കാര്യമല്ല ഇത് എന്നാണ് മെസി പറഞ്ഞത്. മെസി അര്‍ജന്റീനയുടെ പരിശീലകനായി ഭാവിയില്‍ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒരുപാടാണ്. പല ആരാധകരും ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ മെസി പറയുന്നത് പരിശീലക കുപ്പായമണിയാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് .
മെസിക്ക് മികച്ച കരിയര്‍ അവകാശപ്പെടാനാവും. എന്നാല്‍ ഇത്തരത്തില്‍ മികച്ച കരിയര്‍ സൃഷ്ടിച്ചവരില്‍ പലരും പരിശീലകനെന്ന നിലയില്‍ നിരാശപ്പെടുത്തിയിട്ടുള്ളവരാണ്. അര്‍ജന്റീനയുടെ മുന്‍ ഇതിഹാസ താരം ഡീഗോ മറഡോണ ഇത്തരത്തില്‍ പരിശീലകനായെത്തി നാണംകെട്ട ഇതിഹാസങ്ങളിലൊരാളുമാണ്. ഇത് മുന്നില്‍ക്കണ്ടാവണം ഇത്തരമൊരു റോളിലേക്ക് താനില്ലെന്ന് മെസി തുറന്ന് പറഞ്ഞിരിക്കുന്നത്.