
നിലവിൽ എം.എൽ.എമാർക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ കുറഞ്ഞത് 70,000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. മന്ത്രിമാർക്ക് ഇത് 1.08 ലക്ഷം രൂപയോളമാണ് (ശമ്പളവും അലവൻസുകളും ഉൾപ്പെടെ 97,000 രൂപയ്ക്ക് മുകളിൽ). മന്ത്രിസഭാ തീരുമാനപ്രകാരം എം.എൽ.എമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാരുടേത് 1.08 ലക്ഷത്തിൽ നിന്ന് 1.33 ലക്ഷം രൂപയായാണ് വർധിക്കുക.
ജനപ്രതിനിധികളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിലും ജനപ്രതിനിധികൾക്ക് കോടികൾ ചെലവഴിച്ച് ഐപാഡ് വിതരണം ചെയ്യുന്നതിലും സർക്കാറിനെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ ഐപാഡ് വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.എൽ.ഡി.എഫ് സർക്കാർ മുൻപ് പി.എസ്.സി അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ പി.എസ്.സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ നടപ്പാക്കുന്ന ഈ ശമ്പള-ആനുകൂല്യ വർധനവ് വരും ദിവസങ്ങളിൽ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നേക്കും.