
ന്യൂഡൽഹി: ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രൗഢഗംഭീരമായ തുടക്കത്തോടെ ബ്രിക്സ് (BRICS) ഉച്ചകോടിക്ക് അരങ്ങുണർന്നു. ബ്രിക്സ് ഉച്ചകോടിയെ ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കൂട്ടായ്മ ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
ആഗോളതലത്തിൽ വളർന്നുവരുന്ന ശക്തികൾക്ക് നിർണായക സ്വാധീനമുണ്ടാകണമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിനായി 10 പ്രധാന നിർദേശങ്ങളും യോഗത്തിൽ മുന്നോട്ടുവെച്ചു.ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ സമയബന്ധിതമായി പുനഃസംഘടിപ്പിക്കണം. കുറച്ചു രാജ്യങ്ങളിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്ന നിലവിലെ സ്ഥിതിക്ക് മാറ്റം വേണം.
നിലവിലെ അന്താരാഷ്ട്ര അധികാര ശ്രേണി ഒരു പിരമിഡ് പോലെയാണ്. ഇത് മാറ്റി പുതിയ ലോകക്രമം രൂപപ്പെടുത്തണം. വളർന്നുവരുന്ന രാജ്യങ്ങൾ കേവലം സാമ്പത്തിക നിയമങ്ങൾ അനുസരിക്കുന്നവർ മാത്രമായി ഒതുങ്ങരുത്; മറിച്ച് നിയമനിർമാതാക്കളായി മാറണം. ബ്രിക്സിന്റെ ശക്തി വർധിപ്പിക്കുന്നതിനൊപ്പം അടുത്ത 20 വർഷത്തേക്കുള്ള വ്യക്തമായ അജണ്ട കൂട്ടായ്മ തയ്യാറാക്കണം.
കടൽമാർഗമുള്ള ചരക്കുനീക്കത്തിനും നാവികരുടെ സുരക്ഷയ്ക്കുമായി അംഗരാജ്യങ്ങൾക്കിടയിൽ സംയുക്ത സംവിധാനം വേണം.
ലോകവേദിയിൽ ബ്രിക്സിന്റെ ഐക്യം പ്രകടമാക്കേണ്ട സമയമാണിതെന്നും സാമ്പത്തിക ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ വികസ്വര രാജ്യങ്ങൾക്ക് അർഹമായ സ്ഥാനം ലഭിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു