Banner Ads

ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റ പാടുകൾ; മതപരിവർത്തനത്തിന് സമ്മതിക്കാത്തതിനാലെന്ന് കുടുംബം

മലപ്പുറം: ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സാവരിയയുടെ ശരീരത്തിലുടനീളം അതിക്രൂരമായ മർദനമേറ്റ മുറിവുകളും ചതവുകളുമുണ്ടായിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ സഹപാഠിയും മലപ്പുറം പുലാമന്തോൾ സ്വദേശിയുമായ സദറുൾ അനം സാവരിയയെ നിരന്തരം മതപരിവർത്തനത്തിന് പ്രേരിപ്പിച്ചിരുന്നതായും, എന്നാൽ പെൺകുട്ടി ഇതിന് തയ്യാറായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.

സാവരിയയുടെ തല മുതൽ കാൽ വരെ ക്രൂരമായ മർദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് സാവരിയ കൊല്ലപ്പെട്ടത്.കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, പ്രതിയിൽ നിന്നുള്ള നിരന്തരമായ സമ്മർദ്ദവും പീഡനവുമാണ് ഇതിന് പിന്നിലെന്ന് ബന്ധുക്കൾ പറയുന്നു.ഉസ്ബക്കിസ്ഥാനിലെ നിയമനടപടികൾ പൂർത്തിയാക്കി സാവരിയയുടെ മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്.

മരണത്തിലെ ദുരൂഹതകളും പരിക്കുകളുടെ ആഴവും വ്യക്തമാകുന്നതിനായി മൃതദേഹം നാട്ടിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലോടെ ശക്തമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.