ന്യൂഡല്‍ഹി : വർഷം അവസാനിക്കുന്നതോടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഝാർഖണ്ഡില്‍ സ്ഥാനാർഥികളുടെ കരട് പട്ടികയുമായി ബി.ജെ.പി. ഓരോ മണ്ഡലങ്ങളിലേക്കും മൂന്ന് പേരടങ്ങുന്ന പട്ടികയാണ് തയാറാക്കിയിട്ടുള്ളത്.
തിങ്കളാഴ്ച വൈകീട്ട് സംസ്ഥാന നേതൃത്വം പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയെ കണ്ടിരുന്നു. സഖ്യകക്ഷികളായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡിനും ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിക്കും കൂടെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
81 നിയമസഭ സീറ്റുകളില്‍ രണ്ടെണ്ണം ജെ.ഡി.യുവിനും ഒന്ന് എല്‍.ജെ.പിക്കും കിട്ടുമെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പിയുടെ പ്രാദേശിക സഖ്യകക്ഷിയായ ഓള് ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ ഒമ്പത് സീറ്റുകള്‍ കിട്ടുമെന്നും വിവരമുണ്ട്.
ഝാർഖണ്ഡിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആദിവാസി ഭൂരിപക്ഷമുള്ള 28 സീറ്റുകളിലും ആദിവാസി സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ നിർത്തി ബിജെപി തന്ത്രപരമായ നീക്കമാണ് നടത്തുന്നത്. ഈ വർഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
അഴിമതിക്കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലാവുകയും തുടർന്ന് ജാമ്യത്തിലിറങ്ങുകയും ചെയ്തതിന് പിന്നാലെ മുതിർന്ന ജെഎംഎം നേതാവ് ചമ്പായി സോറനെ മുന്നില്‍ നിർത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.