
തിരുവനന്തപുരം: ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും അങ്കണവാടിയിൽ വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വീഡിയോ കണ്ടെന്നും, ആവശ്യം പരിഗണിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലക്ക് അങ്കണവാടികളിൽ കുട്ടികൾക്കു വേണ്ടപലതരം പോഷകാഹാരങ്ങൾ നൽകുന്നുണ്ട്.വിവിധ തരം ഭക്ഷണ പദാർഥങ്ങൾ അങ്കണവാടി വഴി നൽകുന്നുണ്ടെന്നും കുഞ്ഞിന്റെ ആവശ്യം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇനിയും പരിഷ്കാരങ്ങൾ ഭക്ഷണ മെനുവിൽ കൊണ്ടു വരാനും തയ്യാറാണ്.ആ കുഞ്ഞ് വളരെ നിഷ്കളങ്കമായിട്ട് പറഞ്ഞ ആവശ്യമാണ്, അതുകൊണ്ടു തന്നെ അതിനു വേണ്ടിയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസമാണ് അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ ശങ്കുവെന്ന കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. മിനുറ്റുകൾക്കുള്ളിൽ നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്യത്.