
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ നിയമലംഘനം കണ്ടെത്തുന്ന മോട്ടോർ വാഹനവകുപ്പിന്റെ എ ഐ (AI) ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെട്ടു. ഇന്റർനെറ്റ് സേവനം വിച്ഛേദിക്കപ്പെട്ടതാണ് കാരണം. പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ, ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോ കമ്പനിക്ക് ഭീമമായ തുക കുടിശിക വരുത്തിയതിനെ തുടർന്നാണ് ജിയോ കണക്ഷൻ റദ്ദാക്കിയത്.സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം കൈമാറാൻ തടസ്സമായത്.
ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളോ വിവരങ്ങളോ കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്.പുതിയ നിയമലംഘനങ്ങൾ കൺട്രോൾ റൂമുകളിൽ ഡിജിറ്റലായി പരിശോധിക്കാൻ കഴിയാത്തതിനാൽ, എ ഐ ക്യാമറ വഴി നിലവിൽ പിഴ ചുമത്താൻ പറ്റാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 ഏപ്രിൽ മാസത്തിലായിരുന്നു മോട്ടോർ വാഹനവകുപ്പ് ഈ എ ഐ ക്യാമറാ പദ്ധതിക്ക് തുടക്കം കുറിച്ചത്.
എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇന്റർനെറ്റ് പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത് മോട്ടോർ വാഹന വകുപ്പിനും സർക്കാരിനും വൻ തിരിച്ചടിയായിരിക്കുകയാണ്.പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ കെൽട്രോണും ഗതാഗത വകുപ്പും തമ്മിൽ ചർച്ചകൾ ആരംഭിച്ചതായാണ് സൂചന.