
തിരുവനന്തപുരം: ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് നേരിട്ട കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി മുതിർന്ന നേതാവ് ശശി തരൂർ രംഗത്ത്.പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും, “എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും” അദ്ദേഹം ആവശ്യപ്പെട്ടു.പ്രചാരണത്തിൽ നേരിട്ട് പങ്കാളികളായവർ തിരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടിക്ക് കാരണങ്ങൾ വിശദീകരിക്കാൻ ബാധ്യസ്ഥരാണെന്ന് ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ പ്രചാരണത്തിനായി ക്ഷണിച്ചിരുന്നില്ല എന്നും അദ്ദേഹം വിമർശനാത്മകമായി കൂട്ടിച്ചേർത്തു.സംസ്ഥാന സർക്കാരുകൾ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ത്രീ വോട്ടർമാർക്ക് സഹായങ്ങൾ നൽകിയിരുന്നത് (സഹായ പദ്ധതികൾ) പുതുമയുള്ള കാര്യമല്ലെന്നും, അത് ചെയ്യുന്നതിൽ സർക്കാരുകളെ തടയാൻ കഴിയില്ലെന്നും തരൂർ അഭിപ്രായപ്പെട്ടു.ബിഹാറിൽ 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ്, നിലവിലെ ലീഡ് നില അനുസരിച്ച് വെറും 4 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.
മുന്നണിയിലെ മറ്റ് പാർട്ടികളും കോൺഗ്രസും തമ്മിൽ ഏഴ് സീറ്റുകളിൽ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായി.2020 നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 19 ഇടത്ത് വിജയിച്ചിരുന്നു.വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ 200-ൽ അധികം സീറ്റുകളിൽ മുന്നിലാണ്. ഇടതുപാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യ സഖ്യം 36 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.