
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾ. എഐഎഡിഎംകെ (AIADMK) വിമതപക്ഷത്തുനിന്ന് മൂന്ന് എംഎൽഎമാർ പാർട്ടി പദവികളും നിയമസഭാംഗത്വവും രാജിവെച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (TVK) ചേർന്നു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്. ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി. സത്യഭാമ എന്നിവരാണ് രാജിവെച്ചത്.
രാജിവെച്ചതിന് പിന്നാലെ മൂവരും തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുനയെ സന്ദർശിച്ച ശേഷമാണ് ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്.മൂന്ന് എംഎൽഎമാർ രാജിവെച്ചതോടെ സഭയിൽ അണ്ണാഡിഎംകെയുടെ ആകെ അംഗസംഖ്യ 44 ആയി ചുരുങ്ങി. 47 എംഎൽഎമാരുണ്ടായിരുന്ന പാർട്ടിയിലെ പുതിയ പിളർപ്പ് കണക്കുകൾ ഇപിഎസ് (എടപ്പാടി പളനിസ്വാമി) പക്ഷം 27 എംഎൽഎമാർ
വിമത പക്ഷം (എസ്.പി. വേലുമണി ഗ്രൂപ്പ്) 17 എംഎൽഎമാർ (3 പേർ രാജിവെച്ചതോടെ)ഔദ്യോഗിക പക്ഷത്തിനൊപ്പം നിൽക്കുന്നവർ 5 എംഎൽഎമാർ മൂന്ന് എംഎൽഎമാർ രാജിവെച്ചതോടെ തമിഴ്‌നാട്ടിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങി.
ടിവികെ അധ്യക്ഷൻ വിജയ് നേരത്തെ രാജിവെച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിന് പുറമെയാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ നാല് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.അണ്ണാഡിഎംകെയിൽ നിന്ന് കൂടുതൽ എംഎൽഎമാരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ ടിവികെ തീവ്രശ്രമം നടത്തുന്നുണ്ടെന്നാണ് ചെന്നൈയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മന്ത്രി ആദവ് അർജുനയുടെ നേതൃത്വത്തിലാണ് മറ്റ് പ്രതിപക്ഷ എംഎൽഎമാരെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമായി പുരോഗമിക്കുന്നത്.