Banner Ads

വീടിനുള്ളിലും സൂക്ഷിക്കുക; കിടപ്പുമുറിയിലെ ബെഡിൽ വരെ പാമ്പുകളെത്തി, ഇന്ന് മാത്രം എട്ടുപേർക്ക് കടിയേറ്റു

കാസർകോട് : വേനൽ ചൂട് കടുത്തതോടെ പാമ്പുകൾ ജനവാസ മേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും വ്യാപകമായി ഇറങ്ങുന്നു. ഇന്ന് മാത്രം വിവിധ ഭാഗങ്ങളിൽ എട്ടുപേരാണ് പാമ്പ് കടിയേറ്റ് ചികിത്സ തേടിയത്. എളേരിത്തട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണ്.

മുണ്ടക്കുറ്റിയിലെ ഒരു വീടിനുള്ളിൽ നിന്ന് അഞ്ച് ഉഗ്രവിഷമുള്ള ശങ്കുവരയൻ പാമ്പുകളെ കണ്ടെത്തി. ആറ് വയസുള്ള മകൾ കിടന്നുറങ്ങിയ റൂമിൽ ബെഡിനോട് ചേർന്നാണ് രാവിലെ പാമ്പിനെ കണ്ടത്. പേരാമ്പ്ര സ്വദേശി അഞ്ജലിക്കും പുനൂർ സ്വദേശി അൻസാറിനും കിടപ്പുമുറിയിലെ ബെഡിൽ വെച്ചാണ് പാമ്പ് കടിയേറ്റത്.

ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എടപ്പാളിൽ 21 വയസ്സുകാരി ഷഹല തസ്നിക്ക് പാമ്പ് കടിയേറ്റു. അബോധാവസ്ഥയിലായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറളത്ത് പറമ്പിൽ ജോലി ചെയ്യുന്നതിനിടെ പ്രസീത എന്ന സ്ത്രീക്കും, കിണർ ജോലിക്കിടെ സനീഷ് എന്ന യുവാവിനും പാമ്പ് കടിയേറ്റു.