
പാലക്കാട്: അട്ടപ്പാടിയിൽ 35-കാരിയെയും നാല് വയസ്സുള്ള മകനെയും ദാരുണമായി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ പ്രതി അസം സ്വദേശി പ്രൊവത് ദാസ് പൊലീസിന് മൊഴി നൽകി.
കൊല്ലപ്പെട്ട പ്രോണിതയും പ്രൊവത് ദാസും പശ്ചിമ ബംഗാളിൽ വെച്ചാണ് പരിചയപ്പെടുന്നത്. പ്രോണിതയുടെ ഭർത്താവ് ജോലി ആവശ്യത്തിനായി മംഗലാപുരത്തേക്ക് പോയ സമയത്ത് പ്രതി ഇരുവരെയും കൂട്ടി അട്ടപ്പാടിയിലേക്ക് വരികയായിരുന്നു. കഴിഞ്ഞ ദിവസം യുവതി ഗർഭിണിയാണോ എന്നറിയാൻ കോട്ടത്തറ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം വാങ്ങാതെയാണ് ഇവർ മടങ്ങിയത്.
പരിശോധനയ്ക്ക് ശേഷം മടങ്ങിയെത്തിയ ഇരുവരും ക്വാർട്ടേഴ്സിൽ വെച്ച് മദ്യപിക്കുകയും ഗർഭധാരണത്തെച്ചൊല്ലി തർക്കമുണ്ടാകുകയുമായിരുന്നു.തർക്കത്തിനൊടുവിൽ പ്രോണിതയെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തി.