ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസേര ഒഴിച്ചിട്ട് തൊട്ടടുത്ത് മറ്റൊരു കസേരയിട്ടാണ് അതിഷി ഇരുന്നത്. രാമായണത്തിലെ ഭരതന്റെ സമാനമായ അവസ്ഥയാണ് തന്റേതെന്നു ശ്രീരാമന്റെ മെതിയടികള്‍ സിംഹാസനത്തില്‍ ഇട്ട് ഭരിച്ചത് പോലെ, അതേ ചൈതന്യത്തോടെ അടുത്ത നാല് മാസത്തേക്ക് താൻ ഡല്‍ഹി ഭരിക്കുമെന്നും അവർ പറഞ്ഞു.കെജ്രിവാളിന്റെ മടങ്ങിവരവിനാണ് ആ കസേര ഒഴിഞ്ഞിട്ടതെന്ന് അതിഷി പറഞ്ഞു. ‘ ഭരതൻ വഹിച്ച അതേ പദവി ഇന്ന് ഞാനും വഹിക്കുന്നത്.
ശ്രീരാമന്റെ ചെരുപ്പുകള്‍ സിംഹാസത്തില്‍ ഇട്ട് രാജ്യം ഭരിച്ച അതേ മനോഭാവത്തോടെയാണ് അടുത്ത നാല് മാസം ഞാനും ഡല്‍ഹി ഭരിക്കുക.അടുത്ത തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ അരവിന്ദ് കെജ്രിവാളിനെ അധികാരത്തിലേറ്റും, ‘ അതിഷി പറഞ്ഞു.43 വയസ്സുള്ള അതിഷി, ഡല്‍ഹി കണ്ട ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ്
അതേ സമയം, കസേര ഒഴിച്ചിട്ട രീതിക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഇത് ഭരണഘടനാ മാനദണ്ഡങ്ങളോടുള്ള അവഗണനയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനോടുള്ള അവഹേളനമാണെന്നും ഡല്‍ഹി ബി ജെ പി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ വിമർശിച്ചു.മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് രണ്ട് കസേരകള്‍ വയ്ക്കുന്നത് ഭരണഘടനയോടും ചട്ടങ്ങളോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടുമുള്ള അനാദരവാണ്, അദ്ദേഹം പറഞ്ഞു.
ഈ കസേര അരവിന്ദ് കെജ്രിവാളിന്റേതാണ്. ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പില്‍ ജനങ്ങൾ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് എനിക്കുറപ്പുണ്ട്. അതുവരെ ഈ കസേര ഇങ്ങനെ ഒഴിഞ്ഞ് കിടക്കും, കെജ്രിവാളിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു അവർ പറഞ്ഞു.