
ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ടയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. കോവൂർ സ്വദേശിയും വേങ്ങ മാമ്പുഴമുക്കിലെ ഇരുചക്രവാഹന വർക്ക്ഷോപ്പ് ഉടമയുമായ ഷിബു (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഉന്മേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
തർക്കത്തിന് കാരണം പ്രതിയായ ഉന്മേഷിന്റെ വീടിന് സമീപമിരുന്ന് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.കൊല്ലപ്പെട്ട ഷിബുവും പ്രതി ഉന്മേഷും തമ്മിൽ മുൻപും പലതവണ തർക്കങ്ങളും വഴക്കുകളും ഉണ്ടായിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പിക്ക് അപ്പ് ഓട്ടോ ഡ്രൈവറായ ഉന്മേഷ് മുൻപും സമാനമായ രീതിയിൽ കൊലപാതകശ്രമ കേസിൽ പ്രതിയായിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് വ്യക്തമാക്കി.സംഭവത്തിൽ ശാസ്താംകോട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.