Banner Ads

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ കെ-റെയിൽ വിരുദ്ധ സമരസമിതി; വീണ്ടുമൊരു സമരത്തിന് മുന്നറിയിപ്പ്

ആലുവ: മെട്രോമാൻ ഇ. ശ്രീധരൻ നിർദ്ദേശിച്ച പുതിയ അതിവേഗ റെയിൽ പദ്ധതിയെ ശക്തമായി എതിർക്കുമെന്ന് കെ-റെയിൽ വിരുദ്ധ സമരസമിതി. വിപുലമായ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് സമരസമിതി കൺവീനർ എസ്. രാജീവൻ ആവശ്യപ്പെട്ടു. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ നിലവിലുള്ള റെയിൽപാത ഇരട്ടിപ്പിച്ചാൽ മതിയെന്നും, ബ്രോഡ്ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ ‘സ്റ്റാൻഡ് എലോൺ’ പാതകളിലേക്കോ മാറേണ്ടതില്ലെന്നുമാണ് സമരസമിതിയുടെ നിലപാട്.

കേരളത്തിലെ നിലവിലെ ട്രാക്കുകളിൽത്തന്നെ 100 കിലോമീറ്ററിലധികം വേഗത്തിൽ ഓടാൻ കഴിയുമെന്ന് വന്ദേ ഭാരത് ട്രെയിനുകൾ തെളിയിച്ചിട്ടുണ്ടെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. അദ്ദേഹം ചർച്ചയ്ക്ക് തയ്യാറായാൽ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിക്കും. സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉണ്ടായതുപോലുള്ള ശക്തമായ ജനകീയ സമരം വീണ്ടും ആവർത്തിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും സമിതി നൽകി. തുടർനടപടികൾ ചർച്ച ചെയ്യാൻ അടുത്ത ദിവസം ആലുവയിൽ യോഗം ചേരുമെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇ. ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അതിവേഗ റെയിൽ പദ്ധതിയുടെ ചർച്ചകൾ വീണ്ടും സജീവമായത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 430 കിലോമീറ്റർ ദൂരം വെറും 3 മണിക്കൂർ 15 മിനിറ്റ് കൊണ്ട് പിന്നിടാൻ കഴിയുന്ന പാതയാണ് പുതിയ പദ്ധതിയിലുള്ളത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപരേഖ.

നിർദിഷ്ട പാതയുടെ 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് (ഉയർന്നു നിൽക്കുന്ന) പാതയായും, 20 ശതമാനത്തോളം ഭൂഗർഭ പാതയുമായാകും നിർമ്മിക്കുക. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകളാണ് ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 86,000 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം നിർമ്മാണച്ചെലവായി പ്രതീക്ഷിക്കുന്നത്.