Banner Ads

ആർത്തവാവധി പെൺകുട്ടികളെ അബലകളാക്കും, അത് നാണക്കേടാണ്; സർക്കാർ പ്രഖ്യാപനത്തിനെതിരെ ആർ ശ്രീലേഖ

തിരുവനന്തപുരം : സ്കൂൾ വിദ്യാർഥിനികൾക്ക് മാസാമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. സർക്കാരിന്റെ ഈ നയം പെൺകുട്ടികളെ ശക്തരാക്കുകയാണോ അതോ കൂടുതൽ അബലകളാക്കുകയാണോ ചെയ്യുകയെന്ന സംശയമാണ് സോഷ്യൽ മീഡിയയിലൂടെ ശ്രീലേഖ പങ്കുവെച്ചത്.

ആർത്തവം എന്നത് സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും കഠിനമായ വേദനയുള്ളപ്പോൾ പോലും താൻ സ്കൂളിലോ കോളേജിലോ ഐപിഎസ് പരിശീലന സമയത്തോ അവധി എടുത്തിട്ടില്ലെന്നും ശ്രീലേഖ കുറിച്ചു. അത്തരം പ്രതിസന്ധികളെ അതിജീവിക്കുന്നതാണ് സ്ത്രീകളുടെ യഥാർത്ഥ ശക്തിയെന്നും അവർ ചൂണ്ടിക്കാട്ടി. മാസാമാസം അവധിയെടുക്കുമ്പോൾ ഏത് കുട്ടിക്ക് എപ്പോഴാണ് ആർത്തവമെന്ന് വീട്ടുകാരും വിദ്യാലയവും നാട്ടുകാരും അറിയും.

ആർത്തവ അവധി പോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ വിദ്യാലയങ്ങളിലും വൃത്തിയുള്ള ശൗചാലയങ്ങളും, നാപ്കിൻ വെൻഡിംഗ് മെഷീനുകളും, അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ സൗജന്യ വേദനസംഹാരികളും ലഭ്യമാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഈ കാരണം പറഞ്ഞ് മൂന്ന് ദിവസമെന്നല്ല ഒരു ദിവസം പോലും പഠിക്കാൻ പോകാതെ വീട്ടിലിരിക്കാൻ ഒരു പെൺകുട്ടിയും ആഗ്രഹിക്കില്ലെന്നും അതിന് മാതാപിതാക്കൾ സമ്മതിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.