
കോഴിക്കോട്: എക്സൈസ് കസ്റ്റഡിയിലെടുത്ത കഞ്ചാവ് കേസ് പ്രതി വീട്ടിൽ പരിശോധന നടത്തുന്നതിനിടെ കൈവിലങ്ങോടെ ഓടി രക്ഷപ്പെട്ടു. ഓമശ്ശേരി സ്വദേശിയായ മുഹമ്മദ് ഫായിസ് ആണ് എക്സൈസ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്.
റെയ്ഡിൽ ഇയാളുടെ പക്കൽ നിന്നും സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. പ്രതിയുടെ വസതിയിൽ കൂടുതൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഇയാളെയും കൂട്ടി വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെയാണ് പ്രതി എക്സൈസ് സംഘത്തെ വെട്ടിച്ച് മുങ്ങിയത്.കസ്റ്റഡിയിലിരിക്കെ കൈവിലങ്ങ് അഴിക്കാതിരുന്ന പ്രതി അതേപടി ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തെ തുടർന്ന് എക്സൈസ് സ്ക്വാഡും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.പ്രതിയെ ഉടൻ തന്നെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് അധികൃതർ.