Banner Ads

തുമ്പോളി എസ്.എൻ.വി സ്കൂളിന് 21 ദിവസം അവധി; പഠനം ഓൺലൈൻ വഴിയാക്കാൻ കളക്ടറുടെ നിർദ്ദേശം

ആലപ്പുഴ: മുണ്ടിനീര് വ്യാപനം തുമ്പോളി എസ്.എൻ.വി. എൽ.പി. സ്കൂളിന് 21 ദിവസത്തെ അവധിമുണ്ടിനീര് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ തുമ്പോളി എസ്.എൻ.വി. എൽ.പി. സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗം കൂടുതൽ കുട്ടികളിലേക്ക് പകരാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസത്തേക്ക് സ്കൂൾ അടച്ചിടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 1 മുതൽ മുൻകാലപ്രാബല്യത്തോടെ 21 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അവധി ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഒരുക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. കൂടാതെ, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുണ്ടിനീര് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് ശക്തിപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.ജില്ലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ പി.വി. അറിയിച്ചു.

പാരമിക്‌സോ വൈറസാണ് മുണ്ടിനീരിന് കാരണമാകുന്നത്. വായുവിലൂടെ പകരുന്ന ഈ വൈറസ് പ്രധാനമായും ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. രോഗബാധയേറ്റ ശേഷം ഗ്രന്ഥികളിൽ വീക്കം പ്രത്യക്ഷപ്പെടുന്നതിന് തൊട്ടുമുമ്പും, വീക്കം ആരംഭിച്ചതിന് ശേഷം നാല് മുതൽ ആറ് ദിവസം വരെയും രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്. കുട്ടികളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നതെങ്കിലും മുതിർന്നവരെയും ഇത് ബാധിക്കാറുണ്ട്.