
കൊച്ചി : മലയാള ചലച്ചിത്ര-ഗാനശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ 2026ലെ എയ്മ അക്ഷരമുദ്ര പുരസ്കാരത്തിന് തിരഞ്ഞെടുത്തു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ, ജനറൽ സെക്രട്ടറി കെആർ മനോജ് എന്നിവരാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
50000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 2026 ജൂലൈ 19ന് ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന എയ്മ ദേശീയ സമ്മേളന വേദിയിൽ വെച്ച് അവാർഡ് സമർപ്പിക്കും. ഭാനുപ്രകാശ്, കെ വി മോഹൻകുമാർ, സുനിൽ പി ഇളയിടം, ഡോ എ എം ഉണ്ണികൃഷ്ണൻ, സി രാധാകൃഷ്ണൻ, കെ ജയകുമാർ, സൂര്യ കൃഷ്ണമൂർത്തി, ശ്രീകുമാരൻ തമ്പി എന്നിവർക്കാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
1950 ഓഗസ്റ്റ് 4ന് കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിൽ പ്രശസ്ത സംഗീതജ്ഞൻ കണ്ണാടി ഭാഗവതരുടെ മകനായി ജനനം. ബാല്യകാലം മുതൽ വേദപഠനവും കർണാടക സംഗീതവും അഭ്യസിച്ചു. 1986ൽ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 346ലധികം സിനിമകളിലായി നാലായിരത്തിലധികം ഗാനങ്ങൾ രചിച്ചു.
ജോൺസൺ, രവീന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻ സിതാര, വിദ്യാസാഗർ, എസ് പി വെങ്കിടേഷ് തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി ഹിറ്റുകൾ സമ്മാനിച്ചു. ഇതിൽ ജോൺസൺ-കൈതപ്രം കൂട്ടുകെട്ടിലെ ഗാനങ്ങൾ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളാണ്. ഗാനരചയിതാവ് എന്നതിനൊപ്പം സംഗീതസംവിധായകൻ (ദേശാടനം, കളിയാട്ടം), തിരക്കഥാകൃത്ത്, ഗായകൻ, നടൻ (സ്വാതി തിരുനാൾ, ഹിസ് ഹൈനസ് അബ്ദുല്ല,
ആര്യൻ, തീർത്ഥാടനം), സംഗീതചികിത്സാ പ്രവർത്തകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. കലാസാംസ്കാരിക രംഗത്തെ സംഭാവനകൾ മുൻനിർത്തി 2021-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മികച്ച ഗാനരചയിതാവ് (പൈതൃകം-1993, അഴകിയ രാവണൻ-1996), മികച്ച സംഗീതസംവിധായകൻ (കാരുണ്യം-1997). കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി മറ്റ് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.