Banner Ads

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിച്ച ശിക്ഷയ്ക്കെതിരെയുള്ള അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ, ഇരയായ നടിയുടെ അന്തസ്സ് കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഈ നിർണ്ണായക നടപടി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ വിചാരണ കോടതി 20 വർഷം തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്.

ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ പ്രധാന അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.കേസിൽ നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും വിചാരണ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളതാണെന്നും നടി കോടതിയെ ബോധിപ്പിച്ചു. ഈ ഘട്ടത്തിൽ ശിക്ഷ മരവിപ്പിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നതിന് തുല്യമാണെന്നും അവർ വാദിച്ചു.പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്നും പകരം ശിക്ഷയുടെ കാലാവധി വർദ്ധിപ്പിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ഇതിനായുള്ള അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്.ഒന്നാം പ്രതി ഒരു കൊടും ക്രിമിനലാണെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. മുൻപ് തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകിയതിന് കോടതി ഇയാൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. സുപ്രീംകോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ പ്രതി മറ്റൊരു കേസിൽ ഉൾപ്പെട്ടു. ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ വാദിച്ചു.ഇരുവിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് പൾസർ സുനിക്ക് അനുകൂലമായ ഇടക്കാല ഉത്തരവ് നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.