
ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയിൽ മീൻ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷനിൽ നിന്ന് താണാപ്പടിയിലേക്ക് പോകുന്ന ഭാഗത്താണ് അപകടമുണ്ടായത്. കൊല്ലം രജിസ്ട്രേഷനിലുള്ള കാറും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്.
ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കാർ ഓടിച്ചിരുന്നയാൾ ആരോപിച്ചു. കൊല്ലത്തേക്ക് പോവുകയായിരുന്ന തങ്ങളുടെ കാറിന് നേരെ ലോറി തെറ്റായ ദിശയിലൂടെ വരികയായിരുന്നു. ലോറിയുടെ വരവുകണ്ട് കാർ റോഡരികിലേക്ക് ഒതുക്കി നിർത്തിയെങ്കിലും ലോറി വന്ന് ഇടിക്കുകയായിരുന്നു.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നും സംഭവത്തിന് പിന്നാലെ ഇരുവരും ബസിൽ കയറി രക്ഷപ്പെട്ടെന്നും കാർ ഡ്രൈവർ പറഞ്ഞു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.