Banner Ads

അഭിമന്യു വധക്കേസ്; പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താൻ പ്രോസിക്യൂഷൻ അപേക്ഷ

കൊച്ചി : അഭിമന്യു വധക്കേസിലെ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷ നൽകി. മർദ്ദിച്ച് പരുക്കേൽപ്പിച്ചതിനും ഉപദ്രവിച്ചതിനുമുള്ള ഐപിസി 323-ാം വകുപ്പ് കൂടി പ്രതികൾക്കെതിരെ ചേർക്കണമെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

അന്വേഷണ ഘട്ടത്തിൽ കണ്ടെത്തിയതും എന്നാൽ വിചാരണ വേളയിൽ വിസ്തരിക്കേണ്ടതില്ലാത്തതുമായ സാക്ഷികൾ, രേഖകൾ, തൊണ്ടിമുതലുകൾ എന്നിവയുടെ പട്ടികയും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കേസിലെ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പ്രതികളെയും കഴിഞ്ഞ ജൂലൈ ആറിന് കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു. 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് അഭിമന്യു കൊല്ലപ്പെടുന്നത്. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും.