Banner Ads

അഭിമന്യു വധക്കേസ്: വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്‌.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഉൾപ്പെടെ അഞ്ച് പേരാണ് കോടതിയെ സമീപിച്ചിരുന്നത്.കേസിലെ 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാതെയാണ് വിചാരണ ആരംഭിക്കുന്നതെന്നും, അതിനാൽ നടപടികൾ നിർത്തിവെക്കണമെന്നുമാണ് പ്രതികൾ ഹർജിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ, ഈ വാദത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ആദ്യത്തെ 16 പ്രതികൾ മാത്രമാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നും ഇവർക്കെതിരെയുള്ള വിചാരണ തുടങ്ങുന്നതിന് യാതൊരു തടസ്സവുമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കാനും ശ്രമിച്ചവരാണ് ബാക്കിയുള്ള പ്രതികളെന്നും അവർക്കെതിരെയുള്ള അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

പ്രോസിക്യൂഷന്റെ ഈ വാദങ്ങൾ പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി പ്രതികളുടെ ഹർജി തള്ളിയത്. ഈമാസം 24-ന് എറണാകുളം സെഷൻസ് കോടതി വിചാരണ തീയതി നിശ്ചയിക്കാനിരിക്കെയാണ് വിചാരണ തടയാൻ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.