Banner Ads

നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ചു; കൊല്ലത്ത് യുവാവിന് ദാരുണ അന്ത്യം.

കൊല്ലം: ആയൂർ എംസി റോഡിലുണ്ടായ വൻ വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. റോഡുവിള സ്വദേശി അൻവർഷാ (23) ആണ് മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന മറ്റു യാത്രക്കാരായ അജ്മൽ (26), അഫ്സൽ (22) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി എട്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. ആയൂരിൽ നിന്നും ചടയമംഗലത്തേക്ക് പോവുകയായിരുന്ന കാർ, എംസി റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്കിൽ മൂന്നുപേരാണ് സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻവർഷായുടെ ജീവൻ രക്ഷിക്കാനായില്ല.

കടയ്ക്കൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അൻവർഷായുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.