
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ എതിർപ്പുമായി ഒരു വിഭാഗം മന്ത്രിമാർ രംഗത്തെത്തി. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി യോഗത്തിൽ മുന്നോട്ടുവച്ചതോടെയാണ് മന്ത്രിമാർ വിയോജിപ്പ് അറിയിച്ചത്. വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറി ആറ് മാസം പൂർത്തിയാകുന്ന വേളയിലാണ് ഭരണപക്ഷത്തെ ഭിന്നതകൾ അസാധാരണമായ രീതിയിൽ പുറത്തുവരുന്നത്.
ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളെ നിശ്ചയിക്കുന്നത് സംബന്ധിച്ച തർക്കം തുടരുന്നതിനിടെയാണ് യോഗത്തിൽ അഞ്ച് പി.എസ്.സി അംഗങ്ങളുടെ പേരുകൾ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ഇതോടെ മന്ത്രി എ.പി. അനിൽകുമാർ മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്തെത്തുകയായിരുന്നു. പി.എസ്.സി അംഗങ്ങളുടെ പട്ടിക എവിടെയാണ് ചർച്ച ചെയ്തതെന്ന് എ.പി. അനിൽകുമാർ മുഖ്യമന്ത്രിയോട് ചോദിച്ചു. നേരത്തെ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമന കാര്യത്തിലും മതിയായ കൂടിയാലോചനകൾ ഉണ്ടായില്ലെന്ന് അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി.
പിന്നാലെ മന്ത്രി സണ്ണി ജോസഫും സമാനമായ എതിർപ്പ് അറിയിച്ചു. ഇക്കാര്യത്തിൽ തനിക്കും പരാതിയുണ്ടെന്നും, മുഖ്യമന്ത്രി എടുക്കുന്ന പല സുപ്രധാന തീരുമാനങ്ങളും തങ്ങൾ അറിയുന്നില്ലെന്നും സണ്ണി ജോസഫ് യോഗത്തിൽ വ്യക്തമാക്കി.മുഖ്യമന്ത്രിയെ പിന്തുണച്ച് കെ. മുരളീധരൻ; പരാതിയുമായി ആർ.എസ്.പി അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ചുകൊണ്ട് കെ. മുരളീധരൻ രംഗത്തെത്തി. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, തന്നോട് ഇക്കാര്യം കൂടിയാലോചിച്ചിരുന്നുവെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ഇതിനിടെ, നിയമനങ്ങളിൽ ആർ.എസ്.പിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി മന്ത്രി ഷിബു ബേബി ജോണും യോഗത്തിൽ ഉന്നയിച്ചു. ഏറെ നേരത്തെ തർക്കങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ അഞ്ച് പി.എസ്.സി അംഗങ്ങളുടെ പട്ടികയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.