Banner Ads

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

ശ്രീകണ്ഠാപുരം: കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. ശ്രീകണ്ഠാപുരം – തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ‘തേലക്കാടൻസ്’ എന്ന ബസിനാണ് ഇന്ന് ഉച്ചയോടെ തീപിടിച്ചത്. ഡ്രൈവർ കൃത്യസമയത്ത് യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.ബസ് വളക്കൈ പരിസരത്ത് എത്തിയപ്പോൾ അടിഭാഗത്തുനിന്നും കനത്ത പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

അപകടം മണത്ത ഡ്രൈവർ ഉടൻ തന്നെ ബസ് റോഡരികിലേക്ക് മാറ്റിനിർത്തുകയും യാത്രക്കാരോട് അടിയന്തരമായി പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.യാത്രക്കാർ സുരക്ഷിതമായി ഇറങ്ങിയതിന് തൊട്ടുപിന്നാലെ ബസിൽ തീ ആളിപ്പടരുകയായിരുന്നു. മിനിറ്റുകൾക്കകം തന്നെ ബസ് പൂർണ്ണമായും തീ വിഴുങ്ങി.വിവരമറിഞ്ഞ് തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്സ് സംഘം ഉടനടി സ്ഥലത്തെത്തിയാണ് തീയണച്ചത്.

എങ്കിലും ബസ് പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് ശ്രീകണ്ഠാപുരം – തളിപ്പറമ്പ് റോഡിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.