Banner Ads

കളമശ്ശേരിയിൽ വീടുപണിക്കായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച അസം സ്വദേശി പിടിയിൽ

കളമശ്ശേരി: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ യുവാവ് പിടിയിൽ. അസം ബാർപേട്ട ജില്ലയിലെ ചെങ്ലിമാരി വില്ലേജിൽ അബ്ദുൽ ഹമീദിന്റെ മകൻ രാഹുൽ അമീൻ (26) ആണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്.കളമശ്ശേരി സ്വദേശിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ആവശ്യത്തിനായി വാങ്ങി വെച്ചിരുന്ന സാമഗ്രികളാണ് ഇയാൾ കവർന്നത്.

ഏകദേശം 65,000 രൂപ വിലവരുന്ന കോപ്പർ വയറുകൾ, ഡോർ ഹാൻഡിലുകൾ, ലോക്കുകൾ, പൈപ്പ് സെറ്റുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്.വീട്ടുടമയുടെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, സമീപത്തെ വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.രാഹുൽ അമീൻ മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്.ഐ. സുനിൽ, സി.പി.ഒ.മാരായ പീറ്റർ, നൈജു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.