Banner Ads

‘അച്ഛനെപ്പോലും ആക്ഷേപിച്ചയാൾ; മറുപടി അർഹിക്കുന്നില്ല’: ഗണേഷ് കുമാറിന് തിരിഞ്ഞുകൊത്തി സുകുമാരൻ നായർ

പെരുന്ന: കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസിൽ ജനാധിപത്യമില്ലെന്ന പരാതിയുള്ളവർ കോടതിയെ സമീപിക്കട്ടെയെന്ന് അദ്ദേഹം തുറന്നടിച്ചു. സ്വന്തം പിതാവിനെക്കുറിച്ച് പോലും വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ച വ്യക്തിയാണ് ഗണേഷ് കുമാറെന്നും, അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

എൻ.എസ്.എസിനെ തകർക്കാൻ ശ്രമിക്കുന്ന ചില ശക്തികളുടെ വാലായാണ് ഗണേഷ് കുമാർ ഇപ്പോൾ പ്രവർത്തിക്കുന്നത്. അത്തരക്കാരെ സംഘടിപ്പിച്ച് തനിക്കെതിരെ ഗൂഢാലോചന നടത്തിയാൽ അത് വിജയിക്കില്ല. അത്തരം നീക്കങ്ങൾക്ക് വഴങ്ങുന്ന യാതൊരു തറ്റും താൻ ചെയ്തിട്ടില്ല. മന്നം സമാധിയിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും, ക്ഷേത്രതുല്യം ആരാധിക്കുന്ന സമാധിസ്ഥലത്ത് പട്ടിയെ കയറ്റാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബന്ധുനിയമന ആരോപണങ്ങളെയും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ശക്തമായി എതിർത്തു.

“കേരളം മുഴുവൻ എന്റെ കുടുംബമാണ്. സംഘടനയിലെ നിലവിലുള്ള കീഴ്വഴക്കങ്ങളും മാനദണ്ഡങ്ങളും പാലിച്ചു മാത്രമാണ് നിയമനങ്ങൾ നടത്തിയിട്ടുള്ളത്. ആർക്കും അനധികൃതമായി ജോലി നൽകിയിട്ടില്ല. സംശയമുള്ളവർക്ക് അന്വേഷിക്കാം,” എന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടനയിലെ യൂണിയനുകൾ പിരിച്ചുവിടേണ്ട സാഹചര്യം വന്നാൽ രാത്രിയായാലും അത് ചെയ്യുമെന്നും, ഗണേഷ് കുമാറിന്റെ വാക്കുകളും പ്രവൃത്തികളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും സുകുമാരൻ നായർ പരിഹസിച്ചു.