Banner Ads

സാഹിത്യ-നാടക ലോകത്തിന് തീരാനഷ്‌ടം; പ്രമുഖ എഴുത്തുകാരൻ ടികെഡി മുഴപ്പിലങ്ങാട് അന്തരിച്ചു

കണ്ണൂർ : പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടികെഡി മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഓഗസ്റ്റ് 18ന് രാത്രി മുഴപ്പിലങ്ങാട് മഠം ഭാഗത്ത് ദേശീയപാത കുറുകെ കടക്കുന്നതിനിടെ വാനിടിച്ചാണ് അദ്ദേഹത്തിന് കഴുത്തിനും തലയ്ക്കും സാരമായി പരുക്കേറ്റത്. സാഹിത്യകാരൻ, നാടകകൃത്ത്, പത്രാധിപർ, പ്രഭാഷകൻ, കലാസംഘാടകൻ എന്നീ നിലകളിൽ സജീവമായിരുന്നു.

40ഓളം പുസ്തകങ്ങളും 50ഓളം നാടകങ്ങളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡുകൾ, ഗുരുപൂജ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഉണ്ണിക്കുട്ടനും കഥകളിയും (പുസ്തകം), സിദ്ധാർഥൻ ഉറങ്ങുന്നില്ല (നാടകം) എന്നിവയ്ക്ക് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം ലഭിച്ചു.

കണ്ണൂർ നോവൽ മാസിക, ആശയം ബുക്സ്, തലശേരി ദേശം, ജനനാദം, എക്സ്റേ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. കണ്ണൂർ സർഗവേദി, തലശേരി സാഹിത്യ കൂട്ടായ്മ, മലബാർ നാടൻപാട്ട് സംഘം എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.