
തൃശൂർ: കടലിൽ 17 നോട്ടിക്കൽ മൈൽ അകലെ അഴിമുഖം വടക്ക് പടിഞ്ഞാറ് ഭാഗത്ത് എഞ്ചിൻ നിലച്ച് കുടുങ്ങിയ തമിഴ്‌നാട് നാഗർകോവിൽ സ്വദേശി നിഫ്റ്റിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ശ്രേദ്ധാ മോൾ എന്ന ബോട്ടും കുളച്ചൽ സ്വദേശികളായ മത്സ്യത്തൊഴിലാളികളെയുമാണ് രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്. എട്ട് മത്സ്യ തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്റ് റെസ്ക്യൂ സംഘം രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.20 ഓടുകൂടിയാണ് ബോട്ടും തൊഴിലാളികളും കടലിൽ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. സീമയുടെ നിർദേശാനുസരണം മറൈൻ എൻഫോഴ്സസ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫീസർമാരായ ഇ.ആർ ഷിനിൽകുമാർ, വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു, റസ്ക്യൂ ഗാർഡാരായ പ്രസാദ്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് ദേവസി മുനമ്‌ബം, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.