
കൊച്ചി : അൻപതാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരി ഡോ ആർ രാജശ്രീ അർഹയായി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ആത്രേയകം എന്ന നോവലിനാണ് അംഗീകാരം. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ എക്സിക്യൂട്ടീവ് ലോഞ്ചിൽ വെച്ചായിരുന്നു പുരസ്കാര പ്രഖ്യാപനം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളിൽ നിന്ന് ഏറ്റവും ശ്രേഷ്ഠമായ രചന എന്ന നിലയിലാണ് ആത്രേയകം തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത കവയിത്രി ഒവി ഉഷ, പ്രമുഖ നോവലിസ്റ്റും വയലാർ അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രൻ, നിരൂപകൻ വി വിജയകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.
അവസാനഘട്ടത്തിൽ പരിഗണിച്ച കൃതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ഏകകണ്ഠമായാണ് ജൂറി ഈ തീരുമാനം എടുത്തത്. മഹാഭാരതത്തെ ഉപജീവിച്ച് രചിക്കപ്പെട്ട മലയാളത്തിലെ മറ്റ് കൃതികളുടെ നിരയിലേക്ക് ചേർത്തു വെക്കാവുന്ന മികച്ച രചനയാണ് ആത്രേയകം എന്ന് ജൂറി വിലയിരുത്തി.
ഇതിഹാസത്തിൽ അധികം വെളിച്ചം വീഴാത്ത തലങ്ങളെയാണ് എഴുത്തുകാരി ഈ നോവലിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത വെങ്കല ശില്പം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് അവാർഡ്.
വയലാർ രാമവർമ്മയുടെ വേർപാടിനും വയലാർ അവാർഡിനും 50 വർഷം തികയുന്ന വേളയിൽ വയലാർ വർഷം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പുരസ്കാര പ്രഖ്യാപനം. ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷിക്കായിരുന്നു ആദ്യ വയലാർ പുരസ്കാരം ലഭിച്ചത്.
തപോമയയുടെ അച്ഛൻ എന്ന കൃതിയിലൂടെ ഇ സന്തോഷ് കുമാറാണ് കഴിഞ്ഞ തവണ അവാർഡിന് അർഹനായത്. 1977 ജൂലായ് 22ന് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലാണ് രാജശ്രീയുടെ ജനനം. അച്ഛൻ പി എൻ രാജപ്പൻ മാസ്റ്റർ, അമ്മ ആർ രാജമ്മ. പയ്യന്നൂർ കോളേജ്, തലശ്ശേരി ഗവ ബ്രണ്ണൻ കോളേജ്, ഗവ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ പഠനം.
സ്ത്രീ സ്വത്വനിർമ്മിതി സ്ത്രീരചനകളിൽ എന്ന വിഷയത്തിൽ ഡോ കെ പി മാലതിയുടെ കീഴിൽ നടത്തിയ ഗവേഷണത്തിന് കണ്ണൂർ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ്, കോഴിക്കോട് ഗവ ആർട്സ് കോളേജ്, കണ്ണൂർ കെഎംഎം ഗവ വനിതാ കോളേജ്, ഗവ കോളേജ് കാസറഗോഡ് എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു.
നിലവിൽ തലശ്ശേരി ഗവ ബ്രണ്ണൻ കോളേജ് മലയാള പഠനവിഭാഗം-ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.