Banner Ads

ഇന്ധന പ്രതിസന്ധി: അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കി ഇൻഡിഗോ

ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിയെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ അന്താരാഷ്ട്ര സർവീസുകൾ വീണ്ടും വെട്ടിച്ചുരുക്കുന്നു. ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള സർവീസുകളാണ് നിർത്തലാക്കിയത്. യാത്രക്കാരുടെ കുറവും ഉയർന്ന പ്രവർത്തനച്ചെലവും പരിഗണിച്ച് സർവീസുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

മലേഷ്യയിലെ ലങ്കാവി, തായ്‌ലൻഡിലെ ക്രാബി, വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി, ഹോങ്കോങ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂലൈ 1 മുതലും, കംബോഡിയയിലെ സീം റീപ്പിലേക്കുള്ള വിമാനങ്ങൾ ജൂലൈ 3 മുതലും സർവീസ് നിർത്തിവെക്കും. ഇന്ത്യൻ സഞ്ചാരികൾ ഏറെ ആശ്രയിച്ചിരുന്ന, തെക്കുകിഴക്കൻ ഏഷ്യയിലെയും ചൈനയിലെയും പ്രമുഖ വിനോദസഞ്ചാര-വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകളാണ് ഇവയിൽ ഭൂരിഭാഗവും.