Banner Ads

ഫൈസ, എഫ് ട്യൂൺ, ഗോറി എല്ലാം ഒരേ ക്രീം; നിരോധനം നിലനിൽക്കെയും വിപണിയിൽ സുലഭം

മലപ്പുറം : ഫെയർനെസ് ക്രീമുകളായ ഫൈസ, എഫ് ട്യൂൺ, ഗോറി എന്നിവയെല്ലാം ഒരേ ക്രീം തന്നെയാണെന്ന വെളിപ്പെടുത്തലുമായി ദീർഘകാലം ഈ ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന കടയുടമ. ദുബായിൽ നിന്ന് എത്തുന്ന ക്രീം മൊത്തമായി വാങ്ങി പല പേരുകളിലും രൂപങ്ങളിലും വിപണിയിൽ എത്തിക്കുകയാണ് ചെയ്യുന്നതെന്നാണ് വെളിപ്പെടുത്തൽ.

ഡ്രഗ് കൺട്രോൾ വിഭാഗം നിരോധിച്ച ഗോറി ക്രീം ഇപ്പോഴും കടകളിലും ഓൺലൈനിലും സുലഭമായി ലഭിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ദുബായ് കേന്ദ്രമായി നിർമ്മിക്കുന്ന ഫൈസ എന്ന ക്രീം രൂപഭാവങ്ങൾ മാറ്റി വിവിധ പേരുകളിൽ വിൽക്കുകയാണ് ചെയ്യുന്നതെന്ന് 18കാരിക്ക് വൃക്കരോഗം ബാധിക്കാൻ കാരണമായ എഫ് ട്യൂൺ ക്രീം നേരത്തെ വിറ്റിരുന്ന വ്യാപാരി വ്യക്തമാക്കി.

ഗുണനിലവാരക്കുറവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഡ്രഗ് കൺട്രോൾ വിഭാഗം നിരോധിച്ച ഗോറി ക്രീം വിവാദങ്ങൾക്കിടയിലും കടകളിൽ നിന്ന് എളുപ്പത്തിൽ ലഭിക്കുന്നുണ്ട്. ആദ്യകാലത്ത് 400 രൂപയുണ്ടായിരുന്ന ഇതിന് ഇപ്പോൾ 550 രൂപയാണ് വില. ഒരാഴ്ചയ്ക്കുള്ളിൽ മുഖകാന്തിയും കറുത്ത പാടുകൾ മാറലും വാഗ്ദാനം ചെയ്യുന്ന ഇവ ഗുരുതരമായ വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ആരോഗ്യപ്രശ്നങ്ങൾ ചർച്ചയായതോടെ പല കടയുടമകളും വിൽപന നിർത്തിയെങ്കിലും ലാഭക്കൊതി മൂത്ത് ചിലർ ഇപ്പോഴും വിപണിയിലുണ്ട്. വിവാദങ്ങൾ കനത്തിട്ടും കമ്പനിയുടെ ഓൺലൈൻ വിൽപന സജീവമാണ്. മുൻപത്തേതിൽ നിന്ന് അല്പം വില കുറച്ചാണ് നിലവിൽ വിൽപന നടക്കുന്നത്.