
കൊച്ചി : കൊച്ചിയിലെ ബാർ ഹോട്ടലുകളിലെ ഡി ജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് പൊലീസ് നൽകിയ നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി. ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാൻ പൊലീസിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. റാഡിസൺ ബ്ലൂ ഹോട്ടൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
നിയമാനുസൃതമായ ഫീസ് അടച്ച് പ്രവർത്തിക്കുന്ന ബാർ ഹോട്ടലുകൾക്ക് പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ഡി ജെ പാർട്ടികൾക്കും മറ്റ് ഹോട്ടൽ പ്രവർത്തനങ്ങൾക്കും രാത്രി 12 മണിവരെ മാത്രമേ അനുമതിയുള്ളൂ എന്ന് കാട്ടിയാണ് പൊലീസ് നോട്ടീസ് നൽകിയിരുന്നത്.
ഡി ജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെങ്കിൽ അതിന് വ്യക്തമായ നിയമപരമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ പോലും 15 ദിവസത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നോട്ടീസ് നൽകാൻ പൊലീസിന് അധികാരമില്ല.
ഹോട്ടലുകളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ ശബ്ദമലിനീകരണം ഉണ്ടാകുകയാണെങ്കിൽ മാത്രം പൊലീസിന് ഇടപെട്ട് നടപടിയെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊലീസിന്റെ അനാവശ്യ ഇടപെടലുകൾക്കും നിയന്ത്രണങ്ങൾക്കും തിരിച്ചടിയാകുന്നതാണ് ഹൈക്കോടതിയുടെ തീരുമാനം.