
മാവേലിക്കര : നൂറനാട്ട് പട്ടാപ്പകൽ റോഡിൽ വടിവാളുമായി ഗുണ്ടാസംഘം അഴിഞ്ഞാടിയ സംഭവത്തിൽ മൂന്നു പേരെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് റാഫി, അഖിൽ, മുഹമ്മദ് ഹഫീസ് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.
അമിതവേഗം ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് അക്രമികൾ ട്രാവലർ തടഞ്ഞുനിർത്തി ഡ്രൈവറെയും സഹായിയെയും വടിവാൾ വീശി ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും പുറത്തുവന്നതോടെയാണ് പോലീസ് നടപടിയെടുത്തത്.
അറസ്റ്റിലായവർ കാപ്പാ ചുമത്തപ്പെട്ട കേസ് പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മാവേലിക്കര, ചെങ്ങന്നൂർ മേഖലകളിൽ പോലീസും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് ഇത്തരം അക്രമങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാരും പ്രദേശവാസികളും ആരോപിക്കുന്നു.