
തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നവംബർ 12ന് 24 മണിക്കൂർ സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു.
നാലര വർഷമായി ഓട്ടോ-ടാക്സി നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ തൊഴിലാളി യൂണിയൻ നേതാക്കൾ വ്യക്തമാക്കി. 16 തവണയാണ് ഇന്ധനവില വർധിച്ചത്. ഇൻഷുറൻസ് പ്രീമിയവും അനുബന്ധ ചെലവുകളും വലിയ രീതിയിൽ ഉയർന്നതോടെ തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവിക്കുന്നത്.
നിലവിലെ വരുമാനം കൊണ്ട് ഉപജീവനമാർഗം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയോട് സംസാരിച്ചെങ്കിലും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ല. കേരളത്തേക്കാൾ വിലസൂചിക കുറഞ്ഞ തമിഴ്‌നാട്ടിൽ പോലും മിനിമം നിരക്ക് 50 രൂപയായി ഉയർത്തിയിട്ടുണ്ട്.
രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് ഗതാഗത മന്ത്രിയാണെന്ന് അവകാശപ്പെടുമ്പോഴും സർക്കാരിന്റെ നിലപാടുകൾ തൊഴിലാളി വിരുദ്ധമാണെന്ന് നേതാക്കൾ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.