
പത്തനംതിട്ട : ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പമ്പ സ്നാനഘട്ടത്തിലെ ബാരിക്കേഡിംഗ് നിർമാണം നവംബർ 13ന് മുൻപ് പൂർത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർദേശം നൽകി. പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കാൻ ഇറിഗേഷൻ ചീഫ് എൻജിനീയറെയും സൂപ്രണ്ടിങ് എൻജിനീയറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റിൽ ചേർന്ന ഇറിഗേഷൻ, വാട്ടർ അതോറിറ്റി വകുപ്പുകളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും പമ്പയിലും നടന്ന യോഗങ്ങളുടെ തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ അവലോകനം നടത്തിയത്.
വിവിധ കടവുകളുടെ നവീകരണം തൃപ്തികരമായി പൂർത്തിയായിട്ടുണ്ട്. പമ്പ സ്നാനഘട്ടത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരിച്ചു. പമ്പ നദിയിൽ ആവശ്യമായ വെള്ളം നിലനിർത്തുന്നതിന് കെഎസ്ഇബിയുമായി ചേർന്ന് ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കും. പന്തളത്തെ തീർഥാടന ഇടത്താവളത്തിലെ ബാരിക്കേഡിംഗ് ജോലികൾ പൂർത്തിയാക്കും.
പമ്പയിൽ ക്യൂ നിൽക്കുന്ന ഭക്തർക്ക് കുടിവെള്ളം ഉറപ്പാക്കും. കാനനപാതയിൽ ദേവസ്വം ബോർഡുമായി ചേർന്ന് നിലവിൽ താൽക്കാലിക കുടിവെള്ള സംവിധാനം ഒരുക്കും. തീർഥാടന കാലത്തിനു ശേഷം വനം വകുപ്പുമായും ദേവസ്വം ബോർഡുമായും ആലോചിച്ച് ഇവിടെ സ്ഥിരം സംവിധാനം നടപ്പിലാക്കും.
പമ്പ മുതൽ സന്നിധാനം വരെയുള്ള വാട്ടർ കിയോസ്കുകളുടെയും ശുചീകരണ മുറികളുടെയും പ്രവർത്തനക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ട്. നിലവിൽ ഉത്പാദനച്ചെലവിലും കുറഞ്ഞ നിരക്കിലാണ് വാട്ടർ അതോറിറ്റി ദേവസ്വം ബോർഡിന് വെള്ളം നൽകുന്നത്. തീർഥാടന പ്രാധാന്യം പരിഗണിച്ച് നിരക്ക് ഇനിയും കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
യോഗത്തിൽ ആന്റോ ആന്റണി എം പി, എംഎൽഎമാരായ വർഗീസ് മാമ്മൻ, പഴകുളം മധു, സി വി ശാന്തകുമാർ, അബിൻ വർക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ കലക്ടർ എ നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്,
വാട്ടർ അതോറിറ്റി എം ഡി എസ് പ്രേംകൃഷ്ണൻ, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, എഡിഎം ആർ രാജലക്ഷ്മി എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.