
കൊച്ചി: കാക്കനാട് യുവതിയുടെ ദാരുണമായ മരണത്തിനിടയാക്കിയ ‘മലയിൽ’ എന്ന സ്വകാര്യ ബസിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ട്രിപ്പ് മുടക്കിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിന്റെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് – മട്ടാഞ്ചേരി റൂട്ടിൽ ഓടുന്ന ഈ ബസിന്റെ പെർമിറ്റ് ശനിയാഴ്ച മുതൽ 10 ദിവസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അമിതവേഗതയിലെത്തിയ ബസ് ഇടിച്ച് തൃശ്ശൂർ സ്വദേശിനിയും ഇൻഫോപാർക്കിലെ ഐ.ടി കമ്പനി ജീവനക്കാരിയുമായ അക്ഷര (29) മരിച്ചത്. ജിമ്മിലെ വ്യായാമത്തിനു ശേഷം റോഡിലൂടെ നടന്നുപോവുകയായിരുന്ന അക്ഷരയെ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ടും ബസിനെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, അപകടമുണ്ടാക്കിയ ബസിൽ പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവറെയാണ് നിയമിച്ചിരുന്നതെന്നും വ്യക്തമായി. ഡ്രൈവറായ സി.കെ. ബിനോയ് ലഹരിമരുന്ന് ഇടപാടുകളിലും അടിപിടി കേസുകളിലും ഉൾപ്പെടെ പ്രതിയാണെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.