
തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന പരാതികൾ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് നാളെ പരക്കെ പരിശോധന നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ നാല് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം പെട്രോൾ പമ്പുകളിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടക്കുക.
ഓരോ പമ്പിൽ നിന്നും ആറ് സാമ്പിളുകൾ വീതം ശേഖരിച്ചായിരിക്കും പരിശോധന. എഥനോളിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. പരിശോധനയിൽ എഥനോളിന്റെ അളവ് ഉയർന്ന നിലയിൽ കണ്ടെത്തിയാൽ കർശന നടപടിയെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കൂടാതെ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും നീക്കമുണ്ട്.
കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി അനൂപ് ജേക്കബ് ആണ് പരിശോധനയ്ക്ക് ലീഗൽ മെട്രോളജി / ഉപഭോക്തൃകാര്യ കമ്മീഷന് നിർദേശം നൽകിയത്.