
കൊല്ലം : സീനിയർ വിദ്യാർത്ഥിനിയുമായി സൗഹൃദം കൂടിയെന്ന പേരിൽ നഴ്സിംഗ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ 19കാരനെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചവറ സ്വദേശി പ്രമോദ് കുമാറിനെ (28) തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു.
പടപ്പനാലിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായത്. 19കാരൻ സീനിയർ വിദ്യാർത്ഥിനിയുമായി സൗഹൃദത്തിലാണെന്ന വിവരം മറ്റൊരു വിദ്യാർത്ഥിനിയാണ് തേവലക്കര സ്വദേശി മിഥുൻ മനോഹറിനെ അറിയിച്ചത്. തുടർന്ന് മിഥുന്റെ നിർദ്ദേശപ്രകാരം പ്രമോദും സുഹൃത്ത് അഖിലും ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു.
ഒക്ടോബർ 31ന് വൈകിട്ട് കോളേജ് വിട്ടിറങ്ങിയ വിദ്യാർത്ഥി പടപ്പനാലിലെ തട്ടുകടയിൽ കുപ്പിവെള്ളം വാങ്ങാൻ നിൽക്കവേയാണ് സംഘം വളഞ്ഞത്. അസഭ്യം പറഞ്ഞുകൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തും പുറത്തും മർദ്ദിക്കുകയും ചവിട്ടുകയുമായിരുന്നു. ശക്തമായ ചവിട്ടേറ്റ് വിദ്യാർത്ഥിയുടെ രണ്ട് വാരിയെല്ലുകൾ തകരുകയും നെറ്റിയിലും കവിളിലും പരിക്കേൽക്കുകയും ചെയ്തു. അഖിൽ രണ്ടാം പ്രതിയും മിഥുൻ മൂന്നാം പ്രതിയുമാണ്.
ഒന്നാം പ്രതി പ്രമോദ് ചവറ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും വധശ്രമം അടക്കം അഞ്ചോളം കേസുകളിലെ പ്രതിയുമാണ്. മൂന്നാം പ്രതി മിഥുൻ തെക്കുംഭാഗം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളാണെന്നും പോലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ കുറ്റകരമായ നരഹത്യാ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.