
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി വനിതാ നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിൽ ഒരു നഴ്സിന് കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. തോളിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും പരിക്കേറ്റ മറ്റ് 10 പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിവരുന്നു.
അപകടത്തിന് പിന്നാലെ ബസിന്റെ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഫർവാനിയ ആശുപത്രിയിലെ ജീവനക്കാരായ മലയാളി നഴ്സുമാരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.