
തിരുവനന്തപുരം: കുറ്റിയാനി വേക്കിനാട് തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. വട്ടപ്പാറ സ്വദേശി വിദ്യാധരന്റെ മൃതദേഹമാണ് അപകടസ്ഥലത്തുനിന്ന് കിലോമീറ്ററുകൾ അകലെ ആറ്റിങ്ങൽ മാമത്തുനിന്ന് കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് ഭാര്യയോടൊപ്പം മടങ്ങുകയായിരുന്ന വിദ്യാധരൻ സഞ്ചരിച്ച ഓട്ടോറിക്ഷ കനത്ത മഴയിൽ കുത്തിയൊഴുകിയ തോട്ടിലേക്ക് മറിഞ്ഞത്. അപകടസമയത്ത് നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഭാര്യ ലതകുമാരിയെ രക്ഷപ്പെടുത്താനായെങ്കിലും വിദ്യാധരൻ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്തും സമീപത്തെ നീരൊഴുക്കുകളിലും വ്യാപക തെരച്ചിൽ നടത്തി വരികയായിരുന്നു. ഒടുവിലാണ് ആറ്റിങ്ങൽ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.