
തിരുവനന്തപുരം : സ്കൂളിലേക്ക് അനുജനോടൊപ്പം നടന്നുപോവുകയായിരുന്ന പതിനാലുകാരിയെ അച്ഛന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈനെയാണ് (35) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ മൂന്നു വർഷവും ഒൻപത് മാസവും കൂടി അധിക തടവ് അനുഭവിക്കണം. 2025 ജനുവരി 24നായിരുന്നു സംഭവം.
രാവിലെ 7.45ഓടെ സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന പെൺകുട്ടിയുടെയും അനുജന്റെയും അടുത്തേക്ക് ബൈക്കിലെത്തിയ പ്രതി താൻ അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി സ്കൂളിൽ എത്തിക്കാമെന്നു പറഞ്ഞ് ഇരുവരെയും ബൈക്കിൽ കയറ്റി.
യാത്രയ്ക്കിടെ അനുജനെ പകുതി വഴിയിൽ ഇറക്കിവിട്ട പ്രതി പെൺകുട്ടിക്ക് ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു കടയിൽ കൊണ്ടുപോയി. തിരികെ വരുന്ന വഴിയിലാണ് പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയത്. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് അനുജനെയും കൂട്ടി ഇരുവരെയും സ്കൂളിൽ ഇറക്കി പ്രതി കടന്നുകളഞ്ഞു. വീട്ടുകാരുടെ അനുവാദമില്ലാതെ മറ്റൊരാളുടെ ബൈക്കിൽ കയറിയതിന് വഴക്ക് കേൾക്കുമെന്ന ഭയത്താലും പ്രതിയുടെ ഭീഷണി കാരണവും കുട്ടി സംഭവം ആദ്യം ആരോടും പറഞ്ഞില്ല.
എന്നാൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട കൂട്ടുകാരി വിവരങ്ങൾ ചോദിച്ചറിഞ്ഞ് സ്കൂൾ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.