
തിരുവനന്തപുരം : കേരള പൊലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി രണ്ട് പുതിയ ഡിജിറ്റൽ സംവിധാനങ്ങൾക്ക് ആഭ്യന്തര വകുപ്പ് തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ എച്ച്എം ആക്ട്സ് തത്സമയ കുറ്റകൃത്യ നിരീക്ഷണത്തിനായി ഹോംസ് സോഫ്റ്റ്വെയറുകളാണ് നിലവിൽ വന്നത്.
ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ ലഭിക്കുന്ന പരാതികൾ ഡിജിറ്റലായി രേഖപ്പെടുത്തി ഉടനടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് കൈമാറാൻ ഈ സംവിധാനത്തിലൂടെ കഴിയും. പരാതിയിന്മേൽ സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ പരാതിക്കാരന് തത്സമയം അറിയാനും സാധിക്കും.
അടിയന്തര പ്രാധാന്യമുള്ള കേസ് ഫയലുകളിൽ മന്ത്രിയുടെ ഓഫീസിന് നേരിട്ട് ആവശ്യമായ നിർദേശങ്ങൾ രേഖപ്പെടുത്താനും ഇതിൽ സൗകര്യമുണ്ട്. സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ തത്സമയ വിവരങ്ങൾ ആഭ്യന്തരമന്ത്രിക്ക് നേരിട്ട് അറിയാൻ സഹായിക്കുന്ന ഡാഷ്ബോർഡാണിത്.
ക്രൈം സ്റ്റാറ്റിസ്റ്റിക്സുകൾ ഒറ്റ സ്ക്രീനിൽ ലഭ്യമാകുന്നതിനൊപ്പം പ്രധാന സംഭവങ്ങൾ അലർട്ടുകളായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്യും. എന്നാൽ ഈ സംവിധാനം കേസ് അന്വേഷണങ്ങളിൽ ഇടപെടാൻ ഉപയോഗിക്കില്ലെന്നും വിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
പൊലീസിന്റെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാക്കാനും വേഗത്തിൽ നീതി ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ കൊണ്ടുവന്നത്. കേരള പൊലീസിന്റെ ഡിജിറ്റൽ വിഭാഗമായ ഐകോപ്സ് ആണ് ഈ രണ്ട് സോഫ്റ്റ്വെയറുകളും വികസിപ്പിച്ചെടുത്തത്.