
ചെന്നൈ : തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് വി പാണ്ഡ്യൻ (75) അന്തരിച്ചു. വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് നാലിന് ചെന്നൈ നെസപാക്കം വൈദ്യുതശ്മശാനത്തിൽ നടക്കും. കുറച്ചുനാളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
നടൻ സത്യന്റെ മേക്കപ്പ്മാനായ കൃഷ്ണരാജിന്റെ സഹായിയായി പതിനാറാം വയസ്സിലാണ് പാണ്ഡ്യൻ സിനിമാരംഗത്തേക്ക് എത്തുന്നത്. 1978ൽ പുറത്തിറങ്ങിയ മദാലസ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര മേക്കപ്പ്മാനാകുന്നത്. തുടർന്ന് അരനൂറ്റാണ്ടോളം നീണ്ട കരിയറിൽ 500ഓളം ചിത്രങ്ങളിൽ പ്രവർത്തിച്ചു.
പ്രേംനസീർ, രജനികാന്ത്, എൻടിആർ, കമൽഹാസൻ, മോഹൻലാൽ തുടങ്ങിയ താരങ്ങൾ മുതൽ ഫഹദ് ഫാസിൽ വരെയുള്ള തലമുറകൾക്ക് പാണ്ഡ്യൻ ചമയമൊരുക്കിയിട്ടുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാടുമായുള്ള സൗഹൃദവും അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു ഏടായിരുന്നു.
കുറുക്കന്റെ കല്യാണം മുതൽ തന്റെ സിനിമകളിൽ പാണ്ഡ്യന് സ്ഥിരമായി സത്യൻ അന്തിക്കാട് ഇടം നൽകി. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പാണ്ഡ്യന്റെ തിരിച്ചുവരവിനായി മനസ്സിനക്കരെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റിവെച്ച സംഭവം ആ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വമാണ് പാണ്ഡ്യൻ അവസാനമായി പ്രവർത്തിച്ച ചിത്രം. 2001ൽ പുറത്തിറങ്ങിയ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ ചമയത്തിന് മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് പാണ്ഡ്യന് ലഭിച്ചിട്ടുണ്ട്.