
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച വിഷയത്തിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ സാംബശിവ റാവു. കഴിഞ്ഞ ജൂൺ മാസത്തിൽ അനുവദിച്ച ലൈസൻസുകൾ പൊതുജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന ബാറുകൾക്കല്ലെന്നും, സർക്കാർ സ്ഥാപനമായ സിയാലിന്റെ (CIAL) അപേക്ഷ പ്രകാരം വിമാനത്താവളത്തിലെ ലോഞ്ചിലാണ് ലൈസൻസ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു ബാർ ലൈസൻസ് അപേക്ഷ ജൂൺ മാസത്തിൽ സർക്കാരിലേക്ക് അയച്ചിരുന്നുവെങ്കിലും, ഓഗസ്റ്റ് മാസത്തിൽ ലഭിച്ച മറുപടിയെത്തുടർന്ന് ലൈസൻസ് അനുവദിച്ചിട്ടില്ലെന്നും എക്സൈസ് കമ്മീഷണർ കൂട്ടിച്ചേർത്തു.നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ ‘ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ്’ എന്ന കമ്പനിക്ക് ബാർ ലൈസൻസ് അനുവദിച്ചതിന്റെ രേഖകൾ പുറത്തുവന്നതോടെയാണ് വിഷയം ചർച്ചയായത്. വിമാനത്താവളത്തിലെ ലോഞ്ച് ബാറിനുള്ള എഫ്.എൽ-7 (FL-7) ലൈസൻസ് കഴിഞ്ഞ ജൂൺ 22-നാണ് അനുവദിച്ചത്.
സർക്കാർ നിർദേശങ്ങൾ മറികടന്ന്, വകുപ്പ് മന്ത്രിപോലും അറിയാതെയാണ് എക്സൈസ് കമ്മീഷണർ ലൈസൻസ് അനുവദിക്കാനുള്ള ഉത്തരവിറക്കിയതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.വിഷയത്തിൽ അതൃപ്തി പുകയുന്നതിനിടെ, എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടിൽ മന്ത്രി എം. ലിജു ഉറച്ചുനിൽക്കുകയാണ്. ബാർ ലൈസൻസ് നടപടികളിൽ പ്രതിപക്ഷം സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ, എക്സൈസ് വകുപ്പിലെ ഈ ആഭ്യന്തര തർക്കം ഭരണപക്ഷത്തിന് തലവേദനയായി മാറിയിട്ടുണ്ട്.