
തിരുവനന്തപുരം : വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും ആവശ്യമായ അനുമതികൾ വേഗത്തിലാക്കാനെന്ന പേരിൽ സർക്കാർ കൊണ്ടുവന്ന സരൾ ബില്ലിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന നീക്കമാണ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പിണറായി വിജയൻ ആരോപിച്ചു.
ഒരു കാരണവശാലും ഈ ബിൽ അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ നാട്ടിൽ ശക്തമായ എതിർപ്പും പ്രതിഷേധവും ഉയര്‍ന്നുവരുമെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ഓരോ മേഖലയെയും സർക്കാർ തകർക്കുകയാണ്. ഇന്നലെ തീരദേശ മേഖലയാണെങ്കിൽ ഇന്ന് തണ്ണീർത്തടങ്ങളെയും നെൽവയലുകളെയും ബാധിക്കുന്ന വിഷയമാണിത്.
സഭയിൽ ചർച്ച നടക്കുമ്പോൾ ത്രിതല കമ്മിറ്റിയാണോ ഈ തീരുമാനങ്ങൾ എടുക്കുന്നതെന്ന് സ്പീക്കർക്ക് തന്നെ ചോദ്യം ഉന്നയിക്കേണ്ടി വന്നു. അധികാരം ഉദ്യോഗസ്ഥ സമിതിക്ക് കൈമാറുന്നതോടെ നെൽവയലുകൾ മാഫിയകൾക്ക് തീറെഴുതി കൊടുക്കുന്ന അവസ്ഥയുണ്ടാകും. സരൾ ബിൽ എന്ന് പേരിട്ടിട്ടുണ്ടെങ്കിലും ഇത് യഥാർത്ഥത്തിൽ നാടിന്റെ തനിമ തകർക്കുന്ന കരാള ബിൽ ആയി മാറുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.