
തൃശൂർ : സ്കൂൾ പരിസരത്തുവെച്ച് 14 വയസ്സുകാരനെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ് കരുവന്തല നാരായണപറമ്പത്ത് വീട്ടിൽ അനിൽകുമാറിനെയാണ് (60) ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ സുരേഷ് കുമാർ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ നാല് മാസം കൂടി അധിക തടവ് അനുഭവിക്കണം. 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. വാടാനപ്പിള്ളി പോലീസ് സിപിഒ സൗമ്യക്ക് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. സബ് ഇൻസ്പെക്ടർ സികെ ജയകുമാർ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ സബ് ഇൻസ്പെക്ടർ വി വിനീത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 18 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സിജു മുട്ടത്ത്, അഡ്വ നിഷ സി എന്നിവർ ഹാജരായി. ലെയ്സൺ ഓഫീസർ എഎസ്ഐ സിന്ധു എംആർ നടപടികൾ ഏകോപിപ്പിച്ചു. അനിൽകുമാർ സമാനമായ മറ്റു കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
മറ്റൊരു കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിന്റെ വിചാരണ ചാവക്കാട് പോക്സോ കോടതിയിൽ പൂർത്തിയായിട്ടുണ്ട്. കൂടാതെ മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകൾ കുന്നംകുളം കോടതിയുടെ പരിഗണനയിലുമുണ്ട്.